പ്രശസ്ത പഞ്ചാബി ഗായകൻ ഗുരു രൺധാവയുടെ ഏറ്റവും പുതിയ മ്യൂസിക് വീഡിയോയായ ‘ഫൈൻ ഷിറ്റ്’ റിലീസിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചിരിക്കുകയാണ്.
പാട്ടിന്റെ സംഗീതത്തേക്കാളേറെ, വീഡിയോ ചിത്രീകരിക്കാൻ തിരഞ്ഞെടുത്ത പശ്ചാത്തലവും അതിലെ നൃത്തച്ചുവടുകളും സ്ത്രീകളെ ചിത്രീകരിച്ചിരിക്കുന്ന രീതിയുമാണ് പ്രേക്ഷകർക്കിടയിൽ വലിയ അമർഷത്തിന് കാരണമായിരിക്കുന്നത്.
ഒരു പ്രൊഫഷണൽ കോർപ്പറേറ്റ് ഓഫീസിന്റെ പശ്ചാത്തലത്തിലാണ് വീഡിയോ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഇതിൽ മുതിർന്ന ഓഫീസർ ആയി വേഷമിടുന്ന ഗുരു രൺധാവയ്ക്ക് ചുറ്റും, ഓഫീസ് ജീവനക്കാരുടെ വസ്ത്ര ധാരണത്തോടെ സ്ത്രീ കഥാപാത്രങ്ങൾ ഗ്ലാമറസായി നൃത്തം ചെയ്യുന്നതാണ് പ്രധാന രംഗങ്ങൾ.
ഒരു സാധാരണ പ്രവൃത്തിദിനത്തെ കേന്ദ്രീകരിച്ച് തുടങ്ങി പെട്ടെന്ന് നൃത്ത പ്രകടനങ്ങളിലേക്ക് വഴിമാറുന്ന രീതിയിലാണ് ഇതിന്റെ ആവിഷ്കാരം. എന്നാൽ, പ്രൊഫഷണൽ അന്തരീക്ഷത്തിൽ സ്ത്രീകളെ ഇത്തരത്തിൽ വസ്തുവൽക്കരിച്ച് പ്രദർശിപ്പിക്കുന്നത് തൊഴിലെടുക്കുന്ന സ്ത്രീകളെക്കുറിച്ചുള്ള തെറ്റായ ധാരണകൾ സമൂഹത്തിൽ ഉണ്ടാക്കുമെന്നാണ് പ്രധാനമായും ഉയരുന്ന വിമർശനം.
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുൾപ്പെടെ നിരവധി പേരാണ് വീഡിയോയ്ക്കെതിരെ പരസ്യമായി രംഗത്തെത്തിയത്. ഇത്തരം സങ്കൽപ്പങ്ങൾ തൊഴിലിടങ്ങളിൽ സ്ത്രീകൾ സമാധാനത്തോടെ ജോലി ചെയ്യുന്നതിന് തടസമാകുമെന്നും, സഹപ്രവർത്തകരായ സ്ത്രീകളോട് മോശമായി പെരുമാറുന്ന പ്രവണതയെ ഇത് സാധൂകരിക്കാൻ ഇടയാക്കുമെന്നും സോഷ്യൽ മീഡിയ ചൂണ്ടിക്കാണിക്കുന്നു.
ഒഫീസ് പശ്ചാത്തലം പൂർണമായും ഒഴിവാക്കി മറ്റേതെങ്കിലും സെറ്റിൽ ഇത് ചിത്രീകരിക്കാമായിരുന്നു എന്നും പലരും അഭിപ്രായപ്പെടുന്നു. വീഡിയോയിലെ രംഗങ്ങൾ വിമർശനങ്ങൾക്ക് വഴിവെച്ചേക്കാമെന്ന മുൻ ധാരണയോടെയാണ് അണിയറപ്രവർത്തകർ ഇത് പുറത്തിറക്കിയത്.
ഇതിൽ അഭിനയിച്ചവരെല്ലാം പ്രായപൂർത്തിയായവരാണെന്നും രംഗങ്ങൾ തികച്ചും സാങ്കൽപ്പികമാണെന്നും വ്യക്തമാക്കുന്ന മുന്നറിയിപ്പ് വീഡിയോയുടെ തുടക്കത്തിലുണ്ട്.
ഇതിലെ നൃത്തച്ചുവടുകൾ സ്വന്തം ഓഫീസിൽ അനുകരിച്ചാൽ എച്ച്ആർ നടപടികൾ നേരിടേണ്ടി വരുമെന്ന തരത്തിലുള്ള തമാശരൂപേണയുള്ള ഡിസ്ക്ലെയിമറും ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും അതൊന്നും പ്രേക്ഷകരുടെ അമർഷം തണുപ്പിക്കാൻ പ്രാപ്തമായില്ല.
വീഡിയോയുടെ ദൃശ്യാവിഷ്കാരത്തിന് പുറമെ പാട്ടിന്റെ സംഗീതത്തെയും കൊറിയോഗ്രാഫിയെയും ചൊല്ലിയും പരിഹാസങ്ങൾ ഉയരുന്നുണ്ട്. ഗാനത്തെ കേവലം ശബ്ദമലിനീകരണം എന്ന് വിശേഷിപ്പിച്ച വിമർശകർ, ട്വർക്കിംഗും ചില വിചിത്രമായ ചുവടുകളും മാത്രമാണ് ഗായകന് നൃത്തം എന്ന് പരിഹസിക്കുകയും ചെയ്യുന്നു.
എത്രതന്നെ മോശമായ പാട്ടായാലും ഉടൻ തന്നെ സോഷ്യൽ മീഡിയയിൽ ഇത് വൈറലാവുകയും നിരവധി ഡാൻസ് റീലുകൾ നിർമ്മിക്കപ്പെടുകയും ചെയ്യുമെന്ന നിരാശയും ചില ഉപയോക്താക്കൾ പങ്കുവെക്കുന്നുണ്ട്.